സ്വതന്ത്രരാഷ്ട്രമായ ഇന്ത്യയ്ക്കും സ്വന്തമായി ദേശീയപതാകയും ദേശീയ ചിഹ്നങ്ങളും
ദേശീയഗാനവും ഉണ്ട്. ഇന്ത്യയുടെ ദേശീയപതാക മൂന്നു വര്‍ണ്ണങ്ങളിലുള്ളതാണ്.
അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയചിഹ്നം. രവീന്ദ്രനാഥ ടാഗോര്‍ രചിച്ച 'ജനഗണമന'യാണ്
ദേശീയഗാനം. ഇവ മൂന്നും ഇന്ത്യയുടെ വ്യക്തിത്വത്തിന്റെയും
ഐക്യത്തിന്റേയും പ്രതീകങ്ങളായി നിലകൊള്ളുന്നു. രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യസമരത്തിലൂടെ
ഉരുത്തിരിഞ്ഞവയാണ് ഇവ. വിശേഷദിവസങ്ങളില്‍ ദേശീയപതാക ഉയര്‍ത്തിക്കഴിഞ്ഞശേഷം
ദേശീയഗാനം ആലപിക്കപ്പെടുന്നു.പാര്‍ലമെന്‍ര്‍ മന്ദിരത്തിലും രാഷ്ട്രപതിഭവനിലും
സെക്രട്ടറിയേറ്റിലും കളക്ട്രേറ്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക
ഉയര്‍ത്താറുണ്ട്. അതുപോലെ തന്നെ മന്ത്രിമാര്‍ ഔദ്യോഗിക യാത്ര നടത്തുമ്പോള്‍
അവരുടെ വാഹനങ്ങളിലും ദേശീയപതാക ഉപയോഗിക്കുന്നു.
1947 ജൂലൈ 22-നു ഭരണഘടനാ നിര്‍മ്മാണസമിതി നമ്മുടെ ദേശീയപതാക, ദേശീയപതാകയായി
അംഗീകരിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ പ്രാപ്തിയുണ്ടായ 1947 ആഗസ്റ് 15-നു
ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍
നെഹ്റു ആണ് ആദ്യം ദേശീയപതാക ഉയര്‍ത്തിയത്. നമ്മുടെ ദേശീയപതാകയ്ക്ക് മുകളിലും
മദ്ധ്യത്തിലും താഴെയുമായി ഒരേ വലിപ്പത്തിലുള്ള മൂന്നു ഭാഗങ്ങളുണ്ട്. ഈ ഭാഗങ്ങള്‍
യഥാക്രമം കുങ്കുമം, വെളുപ്പ്, പച്ച എന്നീ വ്യത്യസ്തനിറങ്ങളിലുള്ളവയാണ്. പതാകയുടെ
നടുവില്‍ വെള്ള നിറമുള്ള ഭാഗത്ത് മദ്ധ്യത്തില്‍ 'നേവീ ബ്ളൂ' നിറത്തില്‍ അശോകചക്രം
ചേര്‍ത്തിട്ടുണ്ട്. ദേശീയപതാക മൂന്നു വ്യത്യസ്ത നിറങ്ങളിലുള്ളതിനാല്‍ ത്രിവര്‍ണ്ണപതാകയെന്നും
വിളിക്കപ്പെടുന്നു.
ദീര്‍ഘചതുരാകൃതിയിലുള്ളതാണ് ഇന്ത്യന്‍ ദേശീയപതാക. ഇതിന്റെ വലിപ്പം 3:2 എന്ന
അനുപാതത്തിലാണ്. ഈ അനുപാതമനുസരിച്ചാണ് പതാക തയ്യാറാക്കുന്നത്. അതായത് 30
ഇഞ്ച് നീളമുണ്ടെങ്കില്‍ 20 ഇഞ്ച് വീതി ഉണ്ടായിരിക്കണം.
പതാകയ്ക്ക് മൂന്നു തുല്യഭാഗങ്ങളുള്ളതില്‍ മുകളിലത്തെ ഭാഗത്തിനു കൊടുത്തിരിക്കുന്ന
കുങ്കുമനിറം പലകാര്യങ്ങളുടേയും ഓര്‍മ്മകളുടേയും പ്രതീകമാണ്. നമ്മുടെ മഹത്തായ
ചരിത്രത്തേയും പാരമ്പര്യത്തേയും ഇത് അനുസ്മരിപ്പിക്കുന്നു. പുരാതന കാലത്ത്
രണഭൂമിയിലേയ്ക്ക് പോകുന്ന രജപുത്രവീരന്മാര്‍ ധരിച്ചിരുന്ന വേഷം
കുങ്കുമനിറത്തിലുള്ളതായിരുന്നു. സര്‍വ്വാംഗത്യാഗികളായ സന്ന്യാസിമാരും ഈ നിറമാണ്
ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി ഈ
നിറം കണക്കാക്കപ്പെടുന്നു. നമ്മുടെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി
സമരം നടത്തിയവരും സ്വാതന്ത്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുമായ
മഹാന്മാരുടെ ത്യാഗത്തേയും രാജ്യസ്നേഹത്തേയും അത് ഓര്‍മ്മിപ്പിക്കുന്നു.
പതാകയുടെ മദ്ധ്യഭാഗത്തിന് പൂര്‍ണ്ണ വെളുപ്പ് നിറമാണ്. വെളുപ്പ് സമാധാനത്തിന്റെ
പ്രതീകമാണ്. സത്യത്തേയും, പരിശുദ്ധിയേയും ഇതു കാണിക്കുന്നു. സത്യം വാക്കിലും,
പ്രവര്‍ത്തിയിലും പരിശുദ്ധി വിചാരങ്ങളിലും ഉണ്ടായിരിക്കണമെന്നാണ് എല്ലാ മതതത്വങ്ങളും
നമ്മെ പഠിപ്പിക്കുന്നത്. വെള്ളനിറം പരിശുദ്ധി, ലാളിത്യം, സത്യം എന്നിവ
യുടെ പ്രാധാന്യം എപ്പോഴും നമ്മെ അനുസ്മരിപ്പിക്കുന്നു. കടുംപച്ച നിറമാണ്
പതാകയുടെ താഴെയുള്ള ഭാഗത്തിന് നല്‍കിയിരിക്കുന്നത്. പച്ചനിറം വിശ്വാസത്തിന്റെ
പ്രതീകമാണ്. പ്രകൃതി നമ്മുടെ രാഷ്ട്രത്തെ ഒന്നാംതരം വളക്കൂറുള്ള മണ്ണു നല്‍കി
അനുഗ്രഹിച്ചിരിക്കുന്നുവെന്നാണ് പച്ചനിറം കൊണ്ട് നാം മനസ്സിലാക്കേണ്ടത്.
പട്ടിണി-ദാരിദ്യങ്ങള്‍ക്കെതിരായി പടവെട്ടുന്നതിന് ഈ ഭൂമിയില്‍ കഠിനാദ്ധ്വാനം
ചെയ്യണമെന്നും അതു വിജയത്തിലേയ്ക്ക് നമ്മെ നയിക്കുമെന്നുള്ള വിശ്വാസം ഉണ്ടായിരിക്ക
ണമെന്നും ഈ പച്ചനിറം ഓര്‍മ്മിപ്പിക്കുന്നു.
നമ്മുടെ ചരിത്രവും പാരമ്പര്യവും സുവര്‍ണ്ണകാലങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുകയും
സത്യസന്ധതയും പരിശുദ്ധവിചാരങ്ങളും വച്ചു പുലര്‍ത്തുന്നതിനും രാഷ്ട്രപുരോഗതിക്കായി
അദ്ധ്വാനിക്കുവാനും ഈ ത്രിവര്‍ണ്ണങ്ങള്‍ നമുക്ക്
പ്രേരണ നല്‍കുന്നു. ദേശീയപതാകയുടെ നടുവിലായി 'നേവീ ബ്ളൂ' നിറത്തില്‍ കൊടുത്തിരിക്കുന്ന
ചക്രം പുരാതന പ്രസിദ്ധമായ അശോകസ്തംഭത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
ബനാറസിനടുത്തുള്ള സാരനാഥ് എന്ന സ്ഥലത്ത് അശോകചക്രവര്‍ത്തി സ്ഥാപിച്ചിട്ടുള്ളതാണ്
ഈ സ്തംഭം. ശ്രീ ബുദ്ധന്റെ ഒന്നാമത്തെ ധര്‍മ്മോപദേശത്തിന്റെ ഓര്‍മ്മയ്ക്കാണ്
ഈ സ്തംഭം പണികഴിപ്പിച്ചിട്ടുള്ളത്. അശോകചക്രവര്‍ത്തിയുടെ 'ലയണ്‍ ക്യാപ്പിറ്റല്‍'
എന്നും ഈ സ്തംഭം അറിയപ്പെടുന്നു. അശോകചക്രത്തിന് 24 ആരക്കാലുകളാണുള്ളത്.
ധര്‍മ്മത്തിന്റെ പ്രതീകമാണിത്. പതാകയിലുള്ള അശോകച
കത്തിന്റെ വലിപ്പം പതാകയിലെ വെള്ളനിറമുള്ള ഭാഗത്തിന്റെ വീതിക്ക് തുല്യമാണ്.
ചലനത്തേയും പുരോഗതിയേയുമാണ് അശോകചക്രം പ്രതിനിധാനം ചെയ്യുന്നത്.
ജനങ്ങള്‍ ശരിയായും സത്യസന്ധമായും ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ മുന്നേറുന്നതിനു
ഈ അശോകചക്രം പ്രചോദനം നല്‍കുന്നു. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കാന്‍
അശോകചക്രത്തിന് സാധിക്കുന്നു.
നമ്മുടെ രാഷ്ട്രശില്പികള്‍ നടത്തിയിട്ടുള്ള സ്വാതന്ത്യസമരത്തെക്കുറിച്ചാണ്
ദേശീയപതാക ഓര്‍മ്മിപ്പിക്കുന്നത്. സ്വാതന്ത്യസമരത്തിന് മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക
ദേശീയപതാക പോലെ മൂന്നുവര്‍ണ്ണങ്ങളിലുള്ളതും അശോകചക്രത്തിന്റെ സ്ഥാനത്ത്
ചര്‍ക്കചിഹ്നമുള്ളതുമായിരുന്നു. ദേശീയപതാകയില്‍ ചര്‍ക്കയ്ക്കുപകരം അശോകചക്രം
ചേര്‍ക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു ആണ് നിര്‍ദ്ദേശിച്ചത്. ഇതു രണഘടനാനിര്‍മ്മാണസമിതി
അംഗീകരിക്കുകയായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഇന്ത്യയിലും വിദേശത്തുമുള്ള
ഏതാനും ഇന്ത്യാക്കാര്‍ ഉപയോഗിച്ചിരുന്ന പതാകയ്ക്കും മൂന്നു നിറങ്ങളാണുണ്ടായിരുന്നത്.
എട്ടു നക്ഷത്രങ്ങളുള്ള കുങ്കുമനിറം, വന്ദേമാതരം എന്നെഴുതിയിട്ടുള്ള വെള്ളനിറം,
ഇടതുഭാഗത്ത് സൂര്യനും, വലതുഭാഗത്ത് ചന്ദ്രനുമുള്ള പച്ചനിറം എന്നിങ്ങനെയായിരുന്നു
ഇത്. എന്നാല്‍ ഈ പതാകയ്ക്ക് പൊതുവില്‍ അംഗീകാരം ലഭിച്ചിരുന്നില്ല. 1916-ല്‍
ഹോംറൂള്‍ പ്രസ്ഥാനകാലത്ത് മറ്റൊരു രീതിയിലുള്ള പതാക ഉപയോഗിക്കാന്‍ തുടങ്ങി.
ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ളതായിരുന്നു ഇത്. പച്ചനിറത്തില്‍ നാലും
ചുവപ്പുനിറത്തില്‍ അഞ്ചും വരകള്‍, വലിയ ഒരു
കരടിയുടെ ചിഹ്നം, പതാകയുടെ മുകളില്‍ ഇടതുഭാഗത്തായി വലിപ്പം കുറഞ്ഞ ബ്രിട്ടീഷ്
പതാക (യൂണിയന്‍ ജാക്ക്). ഈ പതാകയും അംഗീകരിക്കപ്പെട്ടില്ല.
1921-ല്‍ മഹാത്മാഗാന്ധി വെള്ള, പച്ച, ചുവപ്പ് നിറങ്ങളിലുള്ള പതാക ചര്‍ക്ക
ചേര്‍ത്തു കോണ്‍ഗ്രസ്സിന്റെ വിജയവാഡ സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും
അംഗീകാരം ലഭിച്ചില്ല. 31-ലെ കറാച്ചി സമ്മേളനത്തിനുശേഷം കോണ്‍ഗ്രസ് വര്‍ക്കിംഗ്
കമ്മിറ്റി പതാക ഉണ്ടാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ്
കുങ്കുമ വര്‍ണ്ണത്തിലുള്ള പതാകയ്ക്കു വേണ്ടിയുള്ള നിര്‍ദ്ദേശം കൊണ്ടുവന്നത്.
പതാകയുടെ മുകളില്‍ ഇടതുവശത്ത് ഒരു ചര്‍ക്കയുടെ ചിത്രം ഉണ്ടായിരിക്കണമെന്നും
കമ്മിറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം വര്‍ക്കിംഗ് കമ്മിറ്റി
നിരാകരിക്കുകയാണുണ്ടായത്. മഹാത്മാഗാന്ധി 1921-ല്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള
പതാകയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പതാക സ്വീകരിക്കുന്നതിന്
1931 ആഗസ്റില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. പതാകയുടെ
വലിപ്പം 3:2 എന്ന ക്രമത്തിലാവണമെന്നും കുങ്കുമം, വെള്ള, പച്ച എന്നീ മൂന്നു
നിറങ്ങള്‍ പതാകയ്-
ക്കുണ്ടായിരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. മദ്ധ്യേഭാഗത്തെ വെള്ള
നിറമുള്ള ഭാഗത്ത് നീല നിറത്തില്‍ ചര്‍ക്കയുടെ ചിത്രം ചേര്‍ക്കാനും തീരുമാനമായി.
പിന്നീട് ബോംബെയില്‍ കൂടിയ കോണ്‍ഗ്രസ് കമ്മിറ്റി പതാകയിലെ കുങ്കുമനിറം ധൈര്യം,
ത്യാഗം, വെള്ളനിറം സത്യം, സമാധാനം, പച്ചനിറം വിശ്വാസം, ശക്തി എന്നിവയെ സൂചിപ്പിക്കുമെന്നും
പ്രഖ്യാപിച്ചു. 1947 ജൂലൈ 22-നാണ് പതാകയുടെ മദ്ധ്യത്തില്‍ ചര്‍ക്കയ്ക്കു
പകരം അശോകചക്രം ചേര്‍ക്കുവാനുള്ള നെഹ്റുവിന്റെ നിര്‍ദ്ദേശം രണഘടനാനിര്‍മ്മാണസമിതി
അംഗീകരിച്ചത്. അതിനുശേഷം ദേശീയപതാകയ്ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല.
1929 ഡിസംബറില്‍ ലാഹോറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദേശീയപതാക ഉയര്‍ത്തക്കൊണ്ട്
ജവഹര്‍ലാല്‍ നെഹ്റു ചെയ്ത പ്രസംഗത്തില്‍ നിന്നും ദേശീയപതാകയുടെ പ്രാധാന്യം
വ്യക്തമാക്കുന്നുണ്ട്. "ഞാന്‍ ഭാരതത്തിന്റെ ദേശീയപതാക ഈ നിമിഷം ഉയര്‍ത്തിയതേയുള്ളൂ.
ഈ പതാകയുടെ അര്‍ത്ഥം എന്താണ്? ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ അടയാളങ്ങളില്‍
ഒന്നാണിത്. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെ ഒരു ചിഹ്നമാണ്. ഓര്‍മ്മിക്കുക ഒരു
രാജ്യത്തിന്റെ പതാക ഉയര്‍ത്തിക്കഴിഞ്ഞാല്‍ ആ രാജ്യത്ത് ഒരാളെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം
കാലം ആ പതാക താഴാന്‍ പാടില്ല. രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള
യുദ്ധത്തില്‍ വലിയൊരു പടി
കൂടി മുന്നേറാന്‍ പോവുകയാണ്. ഇന്ന് ഈ പതാക ഉയര്‍ത്തിയപ്പോള്‍ ഇത് താഴ്ത്തപ്പെടുകയില്ലെന്ന
നിശ്ചയം നിങ്ങളില്‍ ആളിക്കത്തുന്നില്ലേ. ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്
ഈ പതാക സംരക്ഷിക്കുന്നതിനുവേണ്ട കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും സ്വാതന്ത്യ്രത്തിനുവേണ്ടി
നിങ്ങളുടെ ജീവന്‍ ത്യജിക്കാന്‍ നിങ്ങള്‍ ഒരുക്കമാണെന്നും
പ്രതിജ്ഞയെടുക്കുന്നതിനാണ്. ഇന്ന് നിങ്ങള്‍ ഏത് കൊടിക്കീഴിലാണോ നില്‍ക്കുന്നത്,
ഏതിനെയാണോ നിങ്ങളിപ്പോള്‍ അഭിവാദനം ചെയ്തത്, ആ കൊടി ഒരു സമുദായത്തിന്റെയും
കൊടിയല്ല. ഒരു രാഷ്ട്രത്തിന്റെ പതാകയാണ്.
|