മുറിവേറ്റവരുടെ യാത്രകള്സി പി അബൂബക്കര്അദ്ധ്യായം പതിനാല് കുത്സുവിന് രോഹിണിയെ ഇഷ്ടപ്പെട്ടില്ല. ആദ്യത്തെകാഴ്ചയില്‍തന്നെ ഇഷ്ടപ്പെട്ടില്ല. അഷറഫിനെ കാണാതായ ദിവസം അവന്‍ പറങ്കിമാവിന്‍തോട്ടത്തില്‍ ഉണ്ടാവുമെന്ന വിചാരത്തിലാണ് അങ്ങോട്ട് ചെന്നത്. ഹലീമ പറങ്കിമാങ്ങ കൊണ്ടുവന്നദിവസം മുതല്‍ അവന്ന് അങ്ങോട്ടൊരു കണ്ണുണ്ട്. അവന്റെ കൈപിടിച്ചുനില്ക്കുന്നതാരാണെന്ന് മനസ്സിലായില്ല. നട്ടുച്ചനേരത്ത, ് ബദരീങ്ങളേ, യക്ഷിയോ പ്രേതമോ?വെള്ളിയാഴ്ച നട്ടുച്ചയ്ക്കാണ് യക്ഷികള്‍വരിക. അന്ന് വെള്ളിയാഴ്ചയായിരുന്നില്ല. സന്ധ്യാസമയത്ത് വരുമായിരിക്കും. കരിച്ചയ്ക്ക് വരുന്നത് ചിരുതയുടെ പ്രേതമാണ്. പാണല്‍ച്ചെടികള്‍നിറഞ്ഞ ഇടവഴികളില്‍ ചിരുതയുടെ പ്രേതം സന്ധ്യാസമയത്ത് അലഞ്ഞുതിരിയും. അതിലൂടെ വഴിപോവുന്ന കുട്ടികളെ പേടിപ്പിക്കും. അങ്ങനെ പേടിക്കുന്ന കുട്ടികള്‍ക്ക് മാരകമായ രോഗം വരും. കിണട്ടില്‍ ചാടി മരിച്ചതാണ് ചിരുത. പാതിരാത്രിയില്‍ യക്ഷികള്‍വരുമായിരിക്കും.ചിരുത സുന്ദരിയായിരുന്നുെന്നും ആരെയോ ഇഷ്ടപ്പെട്ടിരുന്നുവെന്നും കഥയുണ്ട്്. കാമുകന്റെ തിരോധാനം ചിരുതയെ ഒരു വേള ഉന്മാദിനിയാക്കി. പിന്നെ ഒരു ദിവസം അവള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും വളരെ സന്തോഷമായി. അവര്‍ചിരുതയെ നന്നായി പരിചരിച്ചു. ചന്ദനാദി എണ്ണ തലയില്‍തേയ്പിക്കുകയും ധാരകോരുകയുംചെയ്തു. എല്ലാം ശരിയായെന്നുതോന്നിയ ഘട്ടത്തിലാണ് ചിരുത കിണട്ടില് ചാടി ആത്മഹത്യ ചെയ്തത്. അതായിരിക്കണം അവളുടെ വിധി. അവളുടെ മനസ്സില്‍പ്രണയം അത്രമേല്‍തീക്ഷ്ണമായിരുന്നിരിക്കണം. സാക്ഷാത്കാരം അടയാത്ത ആത്മാക്കള്‍ പ്രേതങ്ങളായി അലയുമത്രേ. തോട്ടത്തിനടുത്തു കുത്സു എത്തുമ്പോള്‍ ആരോ കരിയിലകള്‍ ചവിട്ടി തുള്ളിയോടുന്നഒച്ചകേട്ടു. രോഹിണി വളരെ സുന്ദരിയാണ്. വിവരിച്ചാലും വിവരിച്ചാലും തീരാത്ത സൗന്ദര്യം അവള്‍ക്ക് പടച്ചവന്‍ നല്കിയിട്ടുണ്ട്. ചെമ്പകം പൂത്തുലഞ്ഞുനില്ക്കുന്നപോലെ. അതോ മരങ്ങള്‍ തളിരിടുന്നതുപോലെയോ? ചുവന്ന നിറത്തിലുള്ള തളിരുകളാണ് അവളുടെ ദേഹം നിറയെ. പോരാത്തതിന് ചുവന്ന ബ്ലൗസും. ഉടുതുണി അരയില്‍ താഴ്ത്തിയുടുത്തിരിക്കുന്നു. ഒരു മേല്‍മുണ്ടുള്ളത് വെറുതെ കൈയില്‍വെച്ചിരിക്കുന്നു. പൊക്കിള്‍ക്കൊടി പുറത്തുകാണുന്ന തരത്തിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. ഏതാണും ഒന്ന് നോക്കിപ്പോവും. കുട്ട്യാലി വീട്ടിലുള്ള ദിവസം രോഹിണിയെ കുത്സു വേഗം പറഞ്ഞയച്ചുകളയും. തെറ്റ് ചെയ്യാനുള്ള അവസരം ഉണ്ടാക്കേണ്ടല്ലോ. അവളുടെ കണ്ണുകള്‍ക്ക് വല്ലാത്ത തിളക്കം. ആരെയോ ക്ഷണിക്കുന്നതുമാതിരി. അല്ല, ആരെയും ക്ഷണിക്കുന്നതുമാതിരി. ആഭരണങ്ങള്‍ കാര്യമായൊന്നുുമില്ല. എന്നാല്‍ ആ ഇല്ലായ്മ ആര്‍ക്കും കണ്ണില്‍പെടുകയില്ല. ആദ്യം പരിചയപ്പെട്ടതിനുശേഷം രോഹിണി പലപ്പോഴും ചന്ദനപ്പുരയില്‍ വന്നിട്ടുണ്ട്. വരുന്നദിവസം അവളുടെ കുട്ടികളും ഉണ്ടാവും. ചങ്ങഞ്ഞാത്ത് പ്രദേശത്ത് നായര്‍സ്ത്രീകളാരും മുസ്ലിംകളായ ചന്ദനപ്പുരക്കാരുടെ ആഹാരം കഴിക്കാറില്ല. അവര്‍വരും. കുത്സുവിനോടും ഉമ്മയോമ്മയോടും വര്‍ത്തമാനം പറയും. ചിലര്‍വരുന്നത്, കുത്സുവായിക്കുന്ന പുസ്തകങ്ങളിലെ കഥകേള്‍ക്കുന്നതിനാണ്. നല്ല മാനസികാവസ്ഥയാണെങ്കില്‍ കുത്സു കഥ പറഞ്ഞുകൊടുക്കും. കഥയായി പറയുന്നത് കുത്സുവിന് വശമില്ല. അതുകൊണ്ട് കവിതകള്‍ ആലപിച്ചാണ് കഥപറയുക. അക്ബര്‍സദഖാന്റെ കഥ പറയും. ആ പാട്ട് വഴി പ്രവാചകതിരുമനസ്സിന്റെ അപദാനങ്ങളാണ് പ്രകീര്‍ത്തിക്കുന്നത്. അത് പക്ഷിപ്പാട്ടാണ്. കുപ്പിപ്പാട്ടിലെ കഥപറയും. ഇതരപുരുഷനുമായി ബന്ധം വെയ്ക്കുന്ന ഒരു ഭാര്യയുടെ കഥയാണത്. ചണ്ഡാലഭിക്ഷുകിയിലേയും കരുണയിലേയും കഥപറയും. രമണന്‍ പറയുമ്പോള്‍ ചെറുപ്പക്കാരികള്‍ക്ക് വലിയ രസമാണ്. പ്രകൃതിഭംഗിയെപ്പറ്റിയുള്ളവര്‍ണ്ണന സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, ആട്ടിടയന്മാരെന്ന സങ്കല്പം അവര്‍ക്ക് ബോധിച്ചില്ല. അതിനു കുത്സു പറയുന്ന മറുപടി ഇങ്ങനെയാണ്: ' കവിത എയ്തുമ്പോ, അങ്ങനെ ചെലകിനാവുകള് കൂടി ചേര്‍ക്കും' കരുണയിലെ കഥ പറയുന്നതിനിടയിലാണ് ഒരു സ്ത്രീ ചോദിച്ചുപോയത്: ' മ്മളെ രോഹിണിക്കും ഈ ഗതിയുണ്ടാവ്വോ?' വാസവദത്തയുടെ ഗതി വരുമോന്നാണ് ആ സ്ത്രീ ചോദിച്ചത്. ' അയിന് ഓളെന്താ ബുദ്ധത്തിയാ?' ' ബുദ്ധത്തിയാന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്്'. രോഹിണിമുസ്ലിം വീട്ടില്‍ജോലിയെടുക്കും. അവരുടെ ആഹാരം കഴിക്കും. അവളോട് ആരെങ്കിലും അവളുടെ കുട്ടികളുടെ അച്ഛനെ പറ്റി ചോദിച്ചാല്‍ അവള്‍ ഒന്നും പറയുകയില്ല. രണ്ടുകുട്ടികളുണ്ട്. കുട്ടികള്‍ ഇടയ്ക്ക് അപ്രത്യക്ഷരാകും. ഉമ്മയ്യോമ ചോദിക്കും: ' ങ്ങളെ കുട്ട്യേള് ഏടപോയി രോഹിണിയമ്മേ?' 'അവറ്റകള് പാണല്ക്കായ് പറച്ച് തിന്നാം പോയിട്ടുണ്ടാവും ഉമ്മേ' ' കണ്ടതൊക്കെ പറിച്ച്തിന്ന് അജീര്‍ണം പരുത്തണ്ടാന്ന് പറയി അയിറ്റിയേളോട ഒരിക്കല്‍ അജീര്‍ണം വരികതന്നെ ചെയ്തു. കുട്ടിബോധരഹിതനായി. എന്തോവിഷക്കായ പറിച്ചുതിന്നതാണ്. പ്രകൃതിയില്‍ മധുരം ചേര്‍ത്തഒരുപാട് വിഷവുമുണ്ട്. പെട്ടെന്ന് ആളുകള്‍കൂടി കുട്ടിയെ വടകര ചീക്കുമുറിയില്‍ എത്തിച്ചു. ചീക്കുമുറി എന്നാല്‍ ആശുപത്രി. അവിടെ പൊക്കം കൂടിയ ഡോക്ടര്‍ജമാലുദ്ദീന്‍ മയിലാഞ്ചിയാണ് കുട്ടിയെ ചികിത്സിച്ചത്. രണ്ടുദിവസം കൊണ്ട്അസുഖം മാറി. മയിലാഞ്ചി ഡോക്ടറെ രോഗങ്ങള്‍ക്കുപേടിയായിരുന്നു. നായന്മാരൊഴികെയുള്ള മറ്റുസ്ത്രീകള്‍ രോഹിണിയുടെവീട്ടിലെ കിണട്ടില്‍നിന്ന് വെള്ളം കോരും. നായര്‍വീടുകളില്‍ അത് പാടില്ല. ചില തീയവീടുകളിലും അത് അനുവദിക്കില്ല. എന്നാല്‍ വെള്ളം കിട്ടാതെ ആരും മടങ്ങിയിട്ടില്ല. വീട്ടിലെ സ്ത്രീകള്‍വെള്ളം കോരിക്കൊടുക്കും.അത് മുതലെടുക്കുന്ന ചിലരുമുണ്ട്. വെള്ളം കോരിക്കൊടുക്കുന്ന ചിലസ്ത്രീകള്‍ വളരെ അവശരായിരിക്കും. രോഹിണിയുടെ വീട്ടില്‍ ഈ വിലക്കില്ല. ചന്ദനപ്പുരയിലും വിലക്കില്ല. വൃത്തികേടാക്കാതെ ആര്‍ക്കും വെള്ളം എടുക്കാം. രോഹിണിക്കുള്ള പ്രത്യേകത ഏത് ജോലിയെടുത്താലും വെടിപ്പായി നടക്കും എന്നതാണ്. രോഹിണിയെ മുഷിഞ്ഞ വസ്ത്രത്തില്‍ ആരും ഇതുവരെ കണ്ടിട്ടില്ല. രോഹിണി ആരോടും കലഹിച്ചിട്ടില്ല. ആരെ പറ്റിയും അസൂയയോ കുശുമ്പോ പറഞ്ഞുനടക്കാറില്ല. രോഹിണി പോതുവില്‍മുഷിയില്ല. ഇതൊക്കെയാണെങ്കിലും പ്രവൃത്തിദോഷമുണ്ട് രോഹിണിക്കെന്നാണ് കുത്സുവിന്റെ പക്ഷം. ഉമ്മയ്യോമ കാരണമാണ് രോഹിണി വീട്ടില്‍ വരുന്നതെന്നും കുത്സുവിന് അഭിപ്രായമുണ്ട്. അതില്‍ അല്പം ശരിയുമുണ്ട്. ഉമ്മയ്യോമയുടെ തുന്നല്‍പണികളില്‍രോഹിണി സഹായിക്കും. കൂലി വാങ്ങാത്തപണിക്ക് കൂലികൊടുക്കേണ്ടാത്തരോഹിണി സഹായിക്കുന്നു. ഒരു ദിവസം രാത്രി കുത്സു ഉമ്മയ്യോമയെ ഇക്കാര്യത്തില്‍കുറ്റപ്പെടുത്തി. ' അതൊരു പാവല്ലേ കുത്സൂ' ' ങ്ഹൂം പാവം. ' ' അങ്ങനല്ല മോളേ. ഓരോരുത്തര്‍ക്ക് ഓരോന്ന് ബിദിച്ചിറ്റുണ്ട് പടച്ചോന്‍' 'ആളുകള്‍ചീത്തത്തം കാട്ടണംന്ന് പടച്ചോന്‍ ബിദിക്ക്വോ?' 'ഞായം പറഞ്ഞതോണ്ട് തകാര്യല്ല. അതിന്റെ ജന്മം അങ്ങനായിപ്പോയി. ആണുങ്ങള ബല്ലാണ്ട്് മോഹിപ്പിക്കുന്ന ഒരു രൂപം പടച്ചോന്‍ അയിന് കൊടുത്തു' ' മോഹിക്കുന്ന ആണുങ്ങക്കെല്ലം ഓള് ബയങ്ങണോ? ആരെയെങ്കിലും കല്യാണം കയിച്ചി സുകായിറ്റ് ജീവിച്ചൂടേ?' ' ഞ്ഞി ഒരുപാട് ബായിച്ചിരിക്കണല്ലോ. ആ ബുദ്ദി ഇനിക്കില്ല കുത്സൂ. ചെല പെണ്ണുങ്ങളങ്ങനെയാ. ഓലിക്ക് സൊന്തം നിയന്ത്രിക്കാന്‍ കയ്യൂല.' സത്യത്തില്‍ ഉമ്മയ്യോമക്ക് രോഹിണിയുടെ പതനത്തില്‍വല്ലാത്ത സങ്കടമുണ്ട്. 'എന്തുചെയ്യാനാ പടച്ചോന്റെ ബേണ്ടുക ബേണ്ടേ?' എന്നാണ് ചോദിക്കുക. രോഹിണിക്കു ചുറ്റും ഒരൈതിഹ്യത്തിന്റെ എല്ലാ പരിവേഷവുമുണ്ട്.അവളുടെ അച്ചനമ്മമാരാരാണെന്ന് ആര്‍ക്കും ഒരുപിടുത്തവുമില്ല. അവളുടെ നാടേത്, എങ്ങനെ അവള്‍ ഈ കുഗ്രാമത്തില്‍എത്തിച്ചേര്‍ന്നു? ആര്‍ക്കും ഒരു നിശ്ചയവുമില്ല. ആളുകളുടെ ഓര്‍മ്മയില്‍ രോഹിണിയെ പോറ്റിവളര്‍ത്തിയ ഒരു സ്്ത്രീയുണ്ട്.കല്യാണിയമ്മ. അവര്‍ മരിച്ചുപോയി. രോഹിണിക്ക് ഏതാണ്ട് പതിനാറ് വയസ്സുള്ളപ്പോഴാവണം അവര്‍ പോയത്. അതിനുമുമ്പോ? അതിനു മുവമ്പത്തെ കഥ നാണിപ്പരത്തി പറഞ്ഞുകേട്ടതായി ചോതയോത്തെ മുത്തശ്ശിക്കറിയാം. പരത്തിനാണി അധികം സംസാരിക്കുകയില്ല. അവര്‍അത്രയ്ക്ക് പ്രായമുള്ളസ്ത്രീയുമായിരുന്നില്ല, അന്ന്്്. നാണിയെ ഒരു സ്ത്രീ വിളിക്കാന്‍വന്നു. അത് രോഹിണിയുടെ പോറ്റമ്മയായിരിക്കണം. പേറെടുക്കാന്‍ചെന്നപ്പോള്‍അന്നുവരെ കാണാത്ത ഒരു സ്ത്രീ. നല്ലപ്രസരിപ്പും ആരോഗ്യവുമുള്ള ഒരു സ്ത്രീ. സാധാരണ ചീനം വീട്ടിലെ എല്ലാ പ്രസവങ്ങളും നാണിപ്പരത്തിയാണെടുക്കുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭിണികളെപ്പറ്റി നാണിക്ക് മുന്‍കൂട്ടിയറിയാം. പക്ഷേ, ഈ സ്ത്രീയെ അറിയില്ല. കണ്ടിട്ടില്ല, കേട്ടിട്ടില്ല. അവര്‍പ്രസവിച്ചത് രോഹിണിയെ. വലിയ വിഷമമൊന്നും കൂടാതെ പെറ്റു. ആയമ്മയെ മുറിച്ചുവെച്ചകുട്ടിയെന്നാണ് പരത്തി പറയുക. മുത്തശ്ശിയോട് അതില്പരം നാണിപ്പരത്തി എന്തെങ്കിലും പറഞ്ഞിരുന്നോ ഇനി അറിയാന്‍വയ്യ. മുത്തശ്ശി മരിച്ചുപോയിരിക്കുന്നു. ചിലകാര്യങ്ങളറിയാവുന്ന വേറൊരാള്‍ ചോതയോത്ത് മീത്തല്‍ കുഞ്ഞാണ്ടി മാഷാണ്. മാഷ് സ്വന്തമായി എഴുത്തുപള്ളിനടത്തിയിരുന്നു. കോല്‍ക്കളി, തച്ചോളിക്കളി, പരിചമുട്ടുകളി, സംഘക്കളി എന്നിവയുടെ ആശാനുമാണ് ആണ്ടിമാസ്റ്റര്‍. മാഷും സംഘവും പലനാടുകളിലും പോയി കളിച്ചിട്ടുണ്ട്. അല്പസ്വല്പം നാടകഭ്രാന്തും ഉണ്ടായിരുന്നു. ഏതായാലും മാഷ് അറിഞ്ഞാണ് രോഹിണിയുടെ അമ്മ ചക്കഞ്ഞാത്ത് ഭാഗത്ത് സ്ഥലം വാങ്ങിയത്്. ദൂരെയെവിടെയോ ഉള്ള സ്ത്രീയാണ്.യോഗിമഠം തറവാട് ക്ഷയിച്ചുതുടങ്ങിയ കാലമായിരുന്നു. യോഗിമഠം തീര്‍ച്ചയായും ബൗദ്ധരുടെ സങ്കേതമായിരുന്നിരിക്കണം. കൈമാറ്റങ്ങളിലൂടെ പ്രമാണിമാരായ മുസ്ലിംകളുടെ കൈകളില്‍ വന്നുചേര്‍ന്നു. അവര്‍ക്ക് ആനയും അമ്പാരിയുമെല്ലാം ഉണ്ടായിരുന്നു. ദുര്‍വ്യയത്തിലൂടെയും ദുശ്ചെയ്തികളിലൂടെയും ധനം ഇല്ലാതായി. ആ തറവാട്ടിലെ അവസാനത്തെ കാരണവര്‍, തന്റെ പഴയ പ്രതാപത്തിനും ദുര്‍വ്യത്തിനും ദൈവവിരോധത്തിനും പ്രാസശ്ചിത്തമായി പള്ളിയില്‍കിടന്നുറങ്ങുകയും, ഏത് വീട്ടിലും അടിയന്തിരങ്ങല്‍ക്കും മറ്റു സദ്യകള്‍ക്കും വിളിക്കാതെ പോവുമായിരുന്നു. ഒരുകാലത്ത്, മൂപ്പരുടെ വരവും കാത്തിരുന്ന വിവാഹങ്ങള്‍ ദിവസം കഴിഞ്ഞ് നടത്തേണ്ടിവന്നിട്ടുണ്ട്. ആ കുടുംബം വല്ലാതെ തകര്‍ന്നു. വലി കൂട്ടുകുടുംബമാണ്. വലിയ വീടുമാത്രമായി അവശേഷിച്ചത്. പുത്തലത്ത് എന്ന ഒരു ചെറിയസ്ഥലവും. പുത്തലത്ത് പറമ്പിന്റെ ഒരു ഭാഗം യോഗി മഠത്തിലെ ഏതോ പുരുഷന്റെ ഇഷ്ടക്കാരിക്ക് ദാനമായി നല്കിയിരുന്നു. അവശേഷിച്ചഭാഗമാണ് രോഹിണിയുടെ അമ്മ വാങ്ങിയത്. വാങ്ങിയ ഉടനെ ഒരു കുറ്റിക്കാരന്‍തച്ചനെ കൊണ്ടുവന്ന് വീട്ടിന്റെ കുറിയുണ്ടാക്കി. പണി മുഴുമിക്കാറായ ഘട്ടത്തില്‍പ്രസവം നടന്നു. പണിതീരാത്ത വീട്ടിലാണ് പ്രസവം നടന്നത്. പ്രസവ ശുശ്രൂഷ കഴിഞ്ഞ്്, നാണിപ്പരത്തിയെ നന്നായി സന്തോഷിപ്പിച്ച്, ഒരു നാള്‍ രോഹിണിയുടെ അമ്മ യാത്രയായി. പോവുമ്പോള്‍ കൂടെവന്നസ്ത്രീ ചോദിച്ചു: ' ഞാനെന്താ ഈ കുട്ടിയെ വിളിക്കേണ്ടത്?' ' എന്താവിളിക്ക്യാ? ' അമ്മ അല്പനേരം ആലോചിച്ചു. 'രോഹിണിനക്ഷത്രത്തിലല്ലേ അവള്‍ ഭൂമിയിലേക്ക് വന്നത്, അതന്നെ വിളിക്കാം, രോഹിണീന്ന്' ' നക്ഷത്രത്തിന്റെ പേര് കുട്ടികള്‍ക്ക് ഇട്വോ?അതും രോഹിണി. ' 'ഇട്ടാ ഒരു കേടുമില്ല, ശുക്രകാലത്താണെങ്കി മൈഥുനം അല്പം കൂടും. മൗഢ്യത്തിലാണെങ്കിസന്ന്യസിക്കും. രണ്ടും അത്രയ്ക്കങ്ങുമോശമാണെന്ന് പറയാന്‍ വയ്യ. അവളുടെ യോഗം അതാണെങ്കി അങ്ങനെയാവട്ടെ.' ഒന്നുകൂടി ആലോചിച്ച് അമ്മ വീണ്ടും പറഞ്ഞു: 'കല്യാണീ, പേര് കൊണ്ടല്ലല്ലോ അവള്‍രോഹിണിയാവുന്നത്. ജന്മനക്ഷത്രം കൊണ്ടല്ലേ?' തിരിച്ചുവന്ന് കുഞ്ഞിനെ ഒന്നുകൂടി മുത്തംവെച്ച്്, അല്പനേരം കൂടി പാല്‍കൊടുത്ത്്, ആ അമ്മ പോയി. കൂടെവന്ന സ്ത്രീയും കുഞ്ഞും മാത്രമായി വീട്ടില്‍. ആ സ്ത്രീക്ക് അക്കാലത്ത് ഏതാണ്ട് മധ്യവയസ്സായിരുന്നു. ഇടവഴികള്‍ കടന്നാല്‍ വയലാണ് ചങ്ങഞ്ഞാത്ത് പ്രദേശത്തിന്റേയും സവിശേഷത. ഇടവഴികള്‍ക്കിരുപുറവും അനേകം ഒഴിഞ്ഞപറമ്പുകള്‍. അവയിലേതെങ്കിലും ഒന്നില്‍ കല്യാണി കയറും. വിറക് എടുക്കാന്‍വേണ്ടി. ചിലപ്പോള്‍ അത്കണ്ട് ശാസിക്കാന്‍വരുന്നപുരുഷന്മാരെ മയക്കാനുള്ള കഴിവൊക്കെ അപ്പോഴും കല്യാണിക്കുണ്ടായിരുന്നു. നിരപ്പായ ഏതെങ്കിലും സ്ഥലത്ത് കല്യാണി മേല്‍ മുണ്ട് വിരിക്കും. ചെറിയൊരു സമയം കൊണ്ട് അവരുടെ ആവേശവും പുരുഷന്റെ സന്തോഷവും തിരതല്ലും. ഒന്നുരണ്ട് പുരുഷന്മാര്‍ ഇത് പതിവാക്കിയത് മറ്റാരും അറിയാതെ അവരുടെ ജീവിതം സ്വഛന്ദം മുന്നോട്ട്‌പോയി. കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോഴാണ് ആയമ്മ പലപ്പോഴും പുറത്തുപോവുക. അവിടെ ആരൊക്കെ പെരുമാറുന്നുവെന്ന് എന്തുകൊണ്ടോ ആരും അന്വേഷിച്ചില്ല. അവര്‍ക്ക് പണത്തിനു കാര്യമായ മുട്ടുണ്ടായിരുന്നില്ല. പണം എവിടെ നിന്നോ വരുന്നുണ്ടായിരുന്നു. രോഹ്ിണിക്ക് ആറ് വയസ്സായപ്പോള്‍ കുട്ടമത്ത് ഹയര്‍എലമെന്ററിസ്‌ക്കൂളിലെ ഹെഡ്മാസ്റ്റര്‍ അവളെ ഒന്നാം ക്ലാസില്‍ചേര്‍ത്തു. അവളുടെ പോറ്റമ്മയ്ക്ക മാസ്റ്ററുമായി നല്ല അടുപ്പമുണ്ടായിരുന്നു. മാസ്റ്റര്‍ ആ വീട്ടിന്റെ അടുത്തുകൂടിയാണ് പതിവായി പോയിവരുന്നത്. രോഹിണിയുടെ അഴക് ജന്മാന്തരങ്ങളുടെ സിദ്ധിയായവണം. എല്ലാവരും അവളെ ചെറുപ്പത്തിലേ ശ്രദ്ധിച്ചു. അഞ്ചാംക്ലാസില്‍പഠിക്കുമ്പോഴാണ് രോഹിണിക്ക് ആദ്യമായി ഒരു കത്ത് ലഭിക്കുന്നത്. പോസ്റ്റ് മേന്‍ കൊണ്ടുവന്നതാണ്. അവള്‍ ആ കത്ത് വായിച്ചു. അവള്‍ക്കൊന്നും മനസ്സിലായില്ല. ' രോഹിണിക്ക് അമ്മ എഴുതുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു കത്ത് എവിടെ നിന്നാണെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാവും. ഞാന്‍ നിന്റെ അമ്മയാണ്. മോളെ കാണണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ട്. പക്ഷേ, മോളേ, ഈ അമ്മയ്ക്ക് ശാപമുണ്ട്. അതുകൊണ്ട് അമ്മ മോളെ ഉപദ്രവിക്കുന്നില്ല. മോള്‍വലിയകുട്ടിയായിവളര്‍ന്നുവെന്ന് അമ്മ മനസ്സില്‍കാണുന്നുണ്ട്. മോള്‍ക്ക് സുഖമാണെന്ന് കരുതുന്നു. മാസം തോറും അമ്മ മോള്‍ക്കുവേണ്ടി കല്യാണിക്ക് പണമയച്ചുകൊടുക്കുന്നുണ്ട്. സ്വന്തം അമ്മ' വാലും തലയുമില്ലാത്ത ഒരു കടലാസ് കഷണം. ആരാണെന്നില്ല. എവിടുന്നാണെന്നില്ല. അമ്മയില്ലാത്ത ഒരു വിഷമവും രോഹിണിക്കുണ്ടായിരുന്നില്ല. കല്യാണി രോഹിണിയെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടുകൊല്ലം തോറ്റിട്ടാണ് അവള്‍ അഞ്ചാംക്ലാസിലെത്തിയത്. പതിമൂന്ന് വയസ്സായി. വയസ്സറിയിച്ചതോടെ രോഹിണി വല്ലാതെ വളരാന്‍തുടങ്ങി. അവള്‍ചെറുപ്പക്കാരുടെ മനസ്സിന് ഭാരമുണ്ടാക്കിത്തുടങ്ങി. അവരുടെ മനസ്സില്‍ താമരപൂക്കാന്‍തുടങ്ങി. ചിലര്‍ കൊളായിലെ പാറക്കുമേല്‍ ഇരുന്ന് സമയം കളയാന്‍തുടങ്ങി. ഒരിക്കല്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കായലോരത്ത് രാമചന്ദ്രന്‍ അവള്‍്‌ക്കൊരു കത്ത് നല്കി. ' ഇതെന്താ?' ' ആരും കാണാതെ വായിച്ചുനോക്ക്' അവള്‍ അത് വായിച്ചുനോക്കി. എന്നിട്ട് കല്യാണിയമ്മയ്ക്ക് കൊടുത്തു. അവര്‍ക്ക് വായിക്കാനറിയില്ല. രോഹിണിതന്നെ വായിച്ചുകൊടുത്തു. കത്ത് വളരെ ബുദ്ധിമുട്ടി എഴുതിയതാണ്. വളരെ മോശം കൈയക്ഷരം. ' അച്ഛനും അമ്മയുമറിയാത്ത ഈ ജീവിതവേളയില്‍, എന്റെ പ്രിയപ്പെട്ടരോഹിണീ, നിന്നെ ഞാന്‍ പ്രേമിക്കുന്നു. നിന്നെ എന്റെ ജീവിതസഖിയാക്കാന്‍ ഞാന്‍ കൊതിക്കുന്നു. ' ഇത്രയുമായപ്പോള്‍ കല്യാണിയമ്മ വായന നിര്‍ത്താന്‍ പറഞ്ഞു. ' നീയതിനു മറുപടി കൊടുത്തോ?' ' എന്തുമറുപടി കൊടുക്കാനാണ്? ഓനുണ്ടോ എന്നെ ജീവിതകാലം മുഴോന്‍നോക്കാന്‍പോവുന്നു?' വളരെ പക്വതയുള്ള മറുപടിയാണതെന്ന് കല്യാണിയമ്മയ്ക്ക്‌തോന്നി. പക്ഷേ , അധികം വൈകാതെ രോഹിണി തന്റെ ഇടപാടുകാരെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. രോഹിണിക്കതില്‍ ഒരു കുറ്റവും തോന്നിയില്ല. എന്നാല്‍ അത് രഹസ്യമായിവെയ്ക്കാന്‍ രോഹിണിയെ പ്രകൃതിപഠിപ്പിച്ചിരുന്നു. ആദ്യം പ്രതിഫലം ഒന്നുംകിട്ടിയില്ല. പിന്നെ പലരുമായി. വളരുമ്പോഴേക്ക് രോഹിണിയെപ്പറ്റി പലരും അറിഞ്ഞു. പതിനെട്ടാം വയസ്സിലാണ് രോഹിണി ആദ്യം പ്രസവിച്ചത്. കല്യാണിഅമ്മ അതിനകം മരിച്ചുപോയിരുന്നു. വേറെ ആരേയും രോഹിണി കൂടെ താമസിപ്പിച്ചില്ല. പതിനാറാം വയസ്സില്‍ രോഹിണി അനാഥയായി. പണ്ടെന്നോ അമ്മയെന്നു പറഞ്ഞ് കത്തെഴുതിയ സ്ത്രീയെ അവള്‍ ഓര്‍ത്തില്ല. ഞേറങ്ങാത്ത് പ്രദേശത്ത് എല്ലാവരും അറിയുന്നതരത്തില്‍ രോഹിണിയുടെ പുരുഷസമ്പര്‍ക്കവും പ്രസവവും നടന്നു. ചെറുതൃപ്പള്ളിയെന്ന് ആരോ നാമകരണം ചെയ്ത ആ വീട്ടില്‍ കൈക്കുഞ്ഞ് കരയുമ്പോഴും രോഹിണി ഏതോ പുരുഷന്റെ മാറില്‍ കിടന്നു. കിടക്കുമ്പോഴും രോഹിണിയുടെ മനസ്സ് പറന്നു. ആകാശങ്ങളില്‍ തീപടരുന്ന മേഘങ്ങളില്‍ ഒന്നാണ് താനെന്ന് രോഹിണി അറിഞ്ഞു. ആ മേഘങ്ങള്‍ ഒരിക്കലും പെയ്യുന്നില്ല. തനിക്ക് പെയ്യാനാവില്ല. കുളിരാനാവില്ല. ഒഴുകാനുമാവില്ല. പാണല്‍ച്ചെടികളില്‍കുലച്ചുനില്ക്കുന്ന ചോരത്തുള്ളികളിലൊന്നായി രോഹിണി നിലനിന്നു, പറിച്ചുതിന്നാനാരാണ് വരികയെന്നുനിശ്ചയമില്ലാതെ. മുറിവേറ്റവരുടെ യാത്രകള്‍ മുന്‍ ലക്കങ്ങള്‍ വായിക്കാം
|