ഒരു മാസത്തെ വാര്‍ത്തകളുടെ ചുരുക്കമാണു
"തിരിഞ്ഞു നോക്കുമ്പോള്‍"

മാര്‍ച്ചിലെ

പ്രധാന

വാര്‍ത്തകള്‍

ഏപ്രില്‍ വാര്‍ത്തകള്‍

രണ്ടു ചരിത്ര നേട്ടങ്ങള്‍

ഇന്ത്യ ഒരു ചരിത്ര നേട്ടത്തിനു കൂടി അര്‍ഹമായിരിക്കുന്നു.ഒരു ദിവസം തന്നെ രണ്ടു ചരിത്ര നേട്ടങ്ങള്‍.ഒരുമിച്ചു 10 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. ഇതിനു മുന്‍പ് റഷ്യ 13 ഉപഗ്രഹങ്ങള്‍ ഒന്നിച്ചയച്ചിരുന്നു.50 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന നേട്ടം കൂടി ഇന്ത്യക്ക് അവകാശപ്പെടാനാകും.പി എസ് എല്‍ വി-സി9 റോക്കറ്റാണു 10 ഉപഗ്രഹങ്ങളേയും കൊണ്ട് ഈ ശ്രമത്തിനു പുറപ്പെട്ടത്, പി എസ് എല്‍ വിയുടെ 13മത്തെ വിക്ഷേപണമായിരുന്നു ഇത്.
ഐ എസ് ആര്‍ ഒ യുടെ ചന്ദ്രയാത്രാ പദ്ധതിയായ ചന്ദ്രയാനു ഈ വര്‍ഷം തുടക്കമിടുമെന്ന് ഈ വേളയില്‍ ചെയര്‍മാന്‍ ഡോ ജി മാധവന്‍ നായര്‍ അറിയിച്ചു.

 

.

സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

2007 ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ തിരഞ്ഞെടുത്ത കഥകള്‍ക്കാണു മികച്ച ചെറുകഥയ്ക്കുള്ള അവാര്‍ഡ്. കെ രഘുനാഥിന്‍റെ പാതിരാവന്‍കരയാണു നല്ല നോവലിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.കവിതാ അവാര്‍ഡ് ചെറിയാന്‍ കെ ചെറിയാന്‍റെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് ലഭിച്ചു.അക്കാഡമി പ്രസിഡന്‍ര്‍ എം മുകുന്ദന്‍ ആണു അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഫ്രാന്‍സിസ്‌ ടി. മാവേലിക്കരയുടെ ദ്രാവിഡവൃത്തമാണ് മികച്ച നാടകം., കെ പി മോഹനനു സാഹിത്യ വിമര്‍ശനത്തിനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ പാര്‍വ്വതി പവനന്‍റെ പവനപര്‍വ്വത്തിനു ജീവിത ചരിത്രത്തിനുള്ള പുരസ്കാരം കിട്ടി. ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് എസ്‌. ശിവദാസിന്‍റെ പുസ്‌തകക്കിളികള്‍ എന്ന കൃതിക്ക് ലഭിച്ചു.
അയ്യായിരം രൂപയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്‍റ് പുരസ്‌ക്കാരം കെ. രേഖയുടെ 'ആരുടേയോ സഖാവ്‌' എന്ന കഥാസമാഹാരത്തിന്‌ ലഭിച്ചു. ഫാദര്‍ തോമസ് നടയ്ക്കലിന്‍റെ ഡോണ്‍ ക്വിക്‌സോട്ട് മികച്ച യാത്രാവിവരണത്തിനുള്ള അവാര്‍ഡ് നേടി. മെയ് അവസാനവാരമാണൂ അവാര്‍ഡ് വിതരണം.

ആന്ധ്ര അരിക്ക് ഉയര്‍ന്ന വില

കേരളത്തിലേക്ക് എത്തുന്ന ആന്ധ്ര അരിക്ക് ഉയര്‍ന്ന വില ഈടാക്കാന്‍ മില്‍ ഉടമകളുടെ സംഘടിത നീക്കം. കേരളത്തിലേക്ക് അരി കയറ്റിഅയച്ചെങ്കിലും വില പുറത്തു വിട്ടിട്ടില്ല. ചില ബ്രാന്‍ഡുകള്‍ ഉയര്‍ന്ന വില പ്രഖ്യാപിച്ചു കഴിഞ്ഞതായും സൂചനയുണ്ട്. നല്ല വിളവു ലഭിച്ച സാഹചര്യത്തില്‍ വില വര്‍ധന തികച്ചും അന്യായമാണെന്നാണു വ്യാപാരികള്‍ പറയുന്നത്.
ഉയര്‍ന്ന വില ആവശ്യപ്പെട്ടാല്‍ അരി തല്‍ക്കാലം വാങ്ങേണ്ട എന്ന നിലപാടു ചില വ്യാപാരികള്‍ക്കുണ്ട്. ജയ അരിയുടെ ക്ഷാമകാലത്ത് എത്തിയ ചില മറ്റു സംസ്ഥാന ബ്രാന്‍ഡുകള്‍ നേരിയ സ്വാധീനം നേടിയതായാണു വ്യാപാരികള്‍ പറയുന്നത്. ഇന്നലെ 12 ലോഡ് അരി കര്‍ണാടകയില്‍ നിന്നു കൊല്ലത്ത് എത്തിയിരുന്നു

 


മോഹന്‍ലാല്‍ - ബേണിംഗ് ഇല്ല്യൂഷന്‍'


ലാല്‍ മികച്ച അഭിനേതാവാണ്, മുതുകാട് മികച്ച മജീഷ്യനാണ്.
ചലചിത്രതാരം മോഹന്‍ലാല്‍ മാന്ത്രിക വിദ്യയായ 'ബേണിംഗ് ഇല്ല്യൂഷന്‍' അവതരിപ്പിക്കുന്നതു സംബന്ധിച്ചുള്ള വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ കത്ത്. മോഹന്‍ലാല്‍ എന്ന നടന്‍ പ്രസ്തുത മാജിക് അവതരിപ്പിക്കണോ വേണ്ടയോ എന്നുള്ളത് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്. അത് തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണ്. ഇതു നടത്തിയാല്‍ എന്തു ദോഷം ചെയ്യുമെന്നും എന്തുഗുണം ചെയ്യുമെന്നും ബുദ്ധിമാനായ ലാലിന് അറിയാം. കാരണം സിനിമയില്‍ അപകടകരമായ സംഘട്ടനരംഗങ്ങള്‍ ഡ്യൂപ്പിനെ വച്ചു ചെയ്യിക്കാറുള്ള മോഹന്‍ലാല്‍ ഒരിക്കലും തനിക്ക് അപകടകരമായേക്കാവുന്ന ഒരിനം ചെയ്യുമെന്നു വിശ്വസിക്കാനാവില്ല. മോഹന്‍ലാല്‍ അല്ലെങ്കില്‍ മമ്മൂട്ടി എന്നിവരെ കൊണ്ടു ചെയ്യിക്കുന്ന ഒരു പരിപാടിക്ക് വന്‍ പ്രചാരം കിട്ടുമെന്നതുകൊണ്ടാണ് ഇത്തരം പ്രകടനങ്ങളും വിവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് വച്ച് ചെറിയൊരു പൊള്ളല്‍ മോഹന്‍ലാലിനു പറ്റിയത് ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പുറത്ത് ആഘോഷിച്ചത് ഏറെക്കാലം മുമ്പല്ല. തീപിടുത്തത്തില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്നതിനിടയിലാണ് ലാലിന് പൊള്ളല്‍ പറ്റിയിരുന്നതെങ്കില്‍ അതിനൊരു മൂല്യമുണ്ടായിരുന്നു. സിനിമാനടനായ അദ്ദേഹത്തിന്റെ ജോലിക്കിടെ യാദൃശികമായി സംഭവിച്ച വളരെ ചെറിയൊരുകാര്യമാണ് വലിയ സംഭവമായി അവതരിപ്പിക്കപ്പെട്ടത്. കുറച്ചുകാലം മുമ്പ് കൊച്ചിയില്‍ പത്തുദിവസമായി മാലിന്യങ്ങള്‍ കിടക്കുന്നതില്‍ ലാല്‍ പരിഭവം പറഞ്ഞുപദേശിച്ചിരുന്നു. കലാഭവന്‍ മണി ചാലക്കുടിയില്‍ മാലിന്യം നീക്കി മാതൃക കാട്ടിയപോലെ ചെയ്തിട്ടു ഉപദേശം നല്‍കിയാല്‍ അതു മാന്യതയാകും.
മോഹന്‍ലാല്‍ ഈ മാജിക് നടത്തുന്നതില്‍ വേവലാതിപ്പെടുന്ന എം. മുകുന്ദന്‍, ആര്‍. ശ്രീലേഖ, ടി.ജെ. രവി, സത്യന്‍ അന്തിക്കാട്, വി.കെ. ശ്രീമാന്‍ മുതലായവരോട് ഒരു കാര്യം പറയട്ടെ. മോഹന്‍ലാല്‍ നടത്തുന്ന പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവിക്കാന്‍ നിങ്ങള്‍ കാണിച്ച ഉത്സാഹം നല്ലത് തന്നെ. അത് നടത്തിയാല്‍ നല്ലതായാലും ചീത്തയായാലും ലാലിനെമാത്രമേ ബാധിക്കുകയുള്ളു. കുറച്ചുകാലം മുമ്പ് 'നമ്മുടെ വൈകിട്ടത്തെ പരിപാടി' എന്നു പറഞ്ഞു കേരളത്തിലുടനീളം ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും മറ്റും മദ്യപാനത്തിനു ക്ഷണിക്കുന്ന പരസ്യത്തിലഭിനയിച്ച ലാലിനെതിരെ പ്രതികരിക്കാന്‍ നിങ്ങളാരെയും കണ്ടില്ല. മദ്യത്തിനു പരസ്യം അനുവദനീയമല്ലന്നിരിക്കെയാണ് മോഹന്‍ലാല്‍ പരസ്യവുമായി വന്നതെന്നും അറിയേണ്ടതാണ്. ഇപ്പോള്‍ ഒരു മോഹന്‍ലാലിനു വേണ്ടി വേവലാതി കാണിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് മദ്യപരസ്യത്തിനെതിരെ രംഗത്തുവന്നില്ലെന്നു പറയണം. ഇല്ലെങ്കില്‍ നിങ്ങളെ കപടനാട്യക്കാര്‍ എന്നു ഞങ്ങള്‍ വിളിക്കേണ്ടിവരും.
മുന്നറിയിപ്പ് : 'ബേണിംഗ് ഇല്യൂഷനി'ല്‍ ചെറിയ 'പൊള്ളല്‍' മോഹന്‍ലാലിന് ഏല്‍ക്കാന്‍ സാദ്ധ്യതയേറെയാണ്. കാരണം ലാല്‍ മികച്ച അഭിനേതാവാണ്. മുതുകാട് മികച്ച മജീഷ്യനാണ്.
എബി ജെ. ജോസ്
ചെയര്‍മാന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൌണ്ടേഷന്‍
പാലാ
22-04-08

മൂല്യനിര്‍ണ്ണയം ബഹിഷ്കരിക്കുന്നു.

കൂടുതല്‍ ഉത്തരക്കടലാസുകള്‍ നോക്കണം എന്ന ഉത്തരവ് വകവയ്ക്കാതെ അദ്ധ്യാപകര്‍ എസ് എസ് എല്‍ സി ഉത്തരക്കടലാസിന്‍റെ മൂല്യനിര്‍ണ്ണയം ബഹിഷ്കരിച്ചു.തിരുവനന്തപുരം എസ്.എന്‍.വി സ്കൂളിലെ മൂല്യനിര്‍ണയ ക്യാമ്പിലെ അഞ്ഞൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയം ബഹിഷ്ക്കരിച്ചത്. വെള്ളിയാഴ്ച്ചകളില്‍ 54 പേപ്പറുകള്‍ നോക്കണം എന്ന ഉത്തരവാണു അദ്ധ്യാപകര്‍ നിഷേധിച്ചത്.നേരത്തെ 30 പേപ്പറുകള്‍ വീതമായിരുന്നു നോക്കിയിരുന്നത്.54 പേപ്പറുകള്‍ വീതം നോക്കിയാല്‍ 23ന് അവസാനിക്കേണ്ട മൂല്യനിര്‍ണയം ഒരു ദിവസം നേരത്തെ അവസാനിപ്പിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നു.

 

കെ.ആര്‍. നാരായണന്‍ കര്‍മ്മമണ്ഡലം കീഴടക്കിയ
മഹാന്‍:

രാഷ്ട്രീയത്തേക്കാളുപരി നിര്‍മ്മലമായ വ്യക്തിവൈശിഷ്ട്യംകൊണ്ട് കര്‍മ്മമണ്ഡലത്തെ കീഴടക്കിയ മഹാനായിരുന്നു മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെന്ന് നാഗാലാന്റ ് ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു. കെ.ആര്‍. നാരായണന്‍ ഫൌണ്ടേഷന്റെ
ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ശാന്തിഗിരിയില്‍ സംഘടിപ്പിച്ച കെ.ആര്‍. നാരായണന്‍ സ്മാരക
പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനവും അവാര്‍ഡ്ദാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും രാഷ്ട്രീയക്കാരനായിരുന്നില്ല കെ.ആര്‍. നാരായണന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭാഗ്യതാരകമാണ് കെ.ആര്‍. നാരായണന്‍. അതേസമയം അര്‍ഹമല്ലാത്ത ഒരു സ്ഥാനവും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ലെന്നും ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. കെ. ആര്‍. നാരായണന്റെ സമീപനത്തിലെ നിര്‍മ്മലതയും പെരുമാറ്റത്തിലെ ആകര്‍ഷണീയ തയും രാഷ്ട്രീയക്കാര്‍ ണ്ടുപടിക്കണമെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

കെ.ആര്‍. നാരായണന്‍ അവാര്‍ഡിനു നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍
തികച്ചും യോഗ്യനാണെന്നും അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് ശങ്കരനാരായണന്‍
വ്യക്തമാക്കി. 'സഞ്ചാരം' ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, ബിജു പങ്കജ് (ഏഷ്യാനെ
റ്റ്), സിബി കാട്ടാമ്പള്ളി (മലയാളമനോരമ) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വെബ്
ഡിസൈനിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജീവന്‍ കെ. അഗസ്റിനു ഗവര്‍ണര്‍
ഉപഹാരം സമ്മാനിച്ചു.


കെ.ആര്‍. നാരായണന്‍ ഫൌണ്ടേഷന്റെ വെബ്സൈറ്റ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാ
ടനം ചെയ്തു. കെ.എം. മാണി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പി.സി. തോമസ് എം.
പി., ജസ്റീസ് കെ. നാരായണക്കുറുപ്പ്, വി.എന്‍. വാസവന്‍ എം.എല്‍.എ., ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ് ഡോ. സിന്ധുമോള്‍ ജേക്കബ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍, വി.പി. സജീന്ദ്രന്‍, എബി. ജെ. ജോസ്, രാജീവ് ദേവരാജ് എന്നിവര്‍ പ്രസംഗിച്ചു. സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.

പച്ചക്കറിയുടെ വില കുതിക്കുനു.

കേരളത്തില്‍ ഇത്തവണ വിഷു ആഘോഷം വിലക്കയറ്റത്തിന്‍റെ നടുവിലാണ്. പച്ചക്കറികള്‍ കിട്ടാനില്ല,ഉള്ളതിനാകട്ടെ പൊള്ളുന്ന വിലയും,കേരളത്തിലെ പച്ചക്കറികള്‍ നല്ലൊരു ശതമാനം കനത്ത മഴയില്‍ നശിച്ചു.പ്രധാനമായും തമിഴ്നാട്ടില്‍ നിന്നായിരുന്നു കേരളത്തിലേയ്ക്ക് സാധനങ്ങള്‍ വന്നു കൊണ്ടിരുന്നത്,പക്ഷെ ഇത്തവണ മഴ തമിഴ്നാടിനേയും കാര്യമായി നനയിച്ചു.അവിടെ നിന്നുള്ള വരവു കുറഞ്ഞിരിക്കുകയാണ്,അതിനാല്‍ തന്നെ വില സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വണ്ണം കുതിച്ചുയരുന്നു

 

സിനിമാ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു

കഴിഞ്ഞ വര്‍ഷത്തെ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,
ഏറ്റവും നല്ല നടനായി മോഹന്‍ലാലിനേയും നടിയായി "ഒരേ കടലി"ലെ അഭിനയത്തിന്‍ മീരാ ജാസ്മിനേയും തിരഞ്ഞെടുത്തു.

മറ്റു അവാര്‍ഡുകള്‍

സംഗീത സംമികച്ച ചിത്രം - അടയാളങ്ങള്‍
സംവിധായകന്‍- എം ജി ശശി(അടയാളങ്ങള്‍)
രണ്ടാമത്തെ നടന്‍- മുരളി(പ്രണയകാലം)
രണ്ടാമത്തെ നടി- ലക്ഷ്മി ഗോപാലസ്വാമി(പരദേശി)
മികച്ച ഗായിക- ശ്വേത(നിവേദ്യം)
ഗായകന്‍- വിജയ് യേശുദാസ്(നിവേദ്യം)വിധായകന്‍്‌- എം ജയചന്ദ്രന്‍(നിവേദ്യം)

തിരക്കഥാകൃത്ത്- സത്യന്‍ അന്തികാട്(വിനോദയാത്ര)
ബാലതാരം- ജയശ്രീ ശിവദാസ്(ഒരിടത്തൊരു പുഴയുണ്ട്)
ഗാനരചയിതാവ്- റഫീക്ക് അഹമ്മദ്(പ്രണയകാലം)
ഛായാഗ്രാഹകന്‍- ജെ രാധാകൃഷ്ണന്‍(അടയാളങ്ങള്‍)
പശ്ചാത്തല സംഗീതം- ഔസേപ്പച്ചന്‍(ഒരേ കടല്‍)
ചിത്ര സംയോജനം- വിനോദ് സുകുമാരന്‍(ഒരേകടല്‍)
ശബ്ദലേഖനം- ടി കൃഷ്ണനുണ്ണി(ഒറ്റക്കയ്യന്‍)
കലാസംവിധാനം-രാജശേഖരന്‍(നാലു പെണ്ണുങ്ങള്‍)
മേയ്ക്ക്-അപ് മാന്‍- പട്ടണം റഷീദ്(പരദേശി)
വസ്ത്രാലങ്കാരം- എസ് ബി സതീശന്‍(നാലു പെണ്ണുങ്ങള്‍)
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്- സീനത്ത്(പരദേശി)
കൊറിയോഗ്രാഫര്‍- ബൃന്ദ(വിനോദയാത്ര)
പ്രത്യേക ജൂറി പരാമര്‍ശം - ടി ജി രവി
പ്രത്യേക ജൂറി അവാര്‍ഡ്- ജഗതി ശ്രീകുമാര്‍
മുകേഷും ശ്രീനിവാസനും നിര്‍മ്മിച്ച് എം മോഹനന്‍ സംവിധാനം ചെയ്ത "കഥ പറയുമ്പോള്‍" ആണ്‍ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

നാണയപ്പെരുപ്പത്തിന്‍റെ വേഗത

 

ഭാരതം വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടുകയാണു ഇപ്പോള്‍, കഴിഞ്ഞ മാര്‍ച്ച് അവസാനം ആയപ്പോഴേക്കും ഏതാണ്ട് 7 ശതമാനത്തോളം നാണയപ്പെരുപ്പം രാജ്യത്ത് കൂടിയിരിക്കുന്നു. സര്‍ക്കാരും റിസര്‍വ്വ് ബാങ്കും നടപടികള്‍ നോക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്തായില്ല എന്ന് പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ നാണയപ്പെരുപ്പമാണു രാജ്യം ഇപ്പോള്‍ നേരിടുന്നത്. ഭക്‌ഷ്യ എണ്ണയുടേയും ബസുമതി ഒഴികെയുള്ള അരിയുടേയും കയറ്റുമതിക്കുള്ള ഇളവ് റദ്ദാക്കുകയും, എണ്ണയുടേയും മറ്റും ഇറക്കുമതി ചുങ്കം കുറക്കുകയും ചെയ്തതാണു നാണയപ്പെരുപ്പം ഇത്രയും കൂടാനുണ്ടായ സാഹചര്യം
കര്‍ഷകരേയും ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്. ഓഹരി വിപണിയും വല്ലാതെ മാന്ദ്യതയില്‍ ആണ്.

 

മലയാളത്തിന്‍റെ സൌന്ദര്യം

 

മലയാളനാടിനു അഭിമാനത്തിളക്കവുമായി ഒരു സുന്ദരി, പാര്‍വ്വതി ഓമനക്കുട്ടന്‍. ശനിയാഴ്ച്ച രാത്രിയില്‍ മുംബൈയില്‍ നടന്ന സൌന്ദര്യ മത്സരത്തിലാണു മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 27 സുന്ദരിമാരെ പിന്നിലാക്കി മലയാളി പെണ്‍കുട്ടിക്കു മിസ്സ് ഇന്ത്യപ്പട്ടം നേടിയത്. മോഡലിങ് രംഗത്ത് പ്രശസ്തയായ പാര്‍വ്വതിയായിരിക്കും അടുത്ത ലോകസൌന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളി ഓമനക്കുട്ടന്‍റേയും ശ്രീകലയുടേയും മകളാണു പാര്‍വ്വതി,2005 ലെ മിസ്സ് മലയാളിയായിരുന്നു.

 

കാര്‍ഷിക പ്രതിസന്ധി രൂക്ഷം

വേനല്‍മഴയും കൃഷിനാശവും ആവര്‍ത്തിക്കുന്നു,കര്‍ഷകരുടെ മരണങ്ങളും വര്‍ദ്ധിക്കുന്നു. കൊയ്യാനാളില്ലാതെ പാടങ്ങള്‍ മഴ മൂലം നശിക്കുമ്പോള്‍ കര്‍ഷകരെല്ലാം പ്രതിസന്ധിയിലാണ്. കൃഷിനാശം വിലയിരുത്താനെത്തിയ കേന്ദ്രസംഘം പര്യടനം പൂര്‍ത്തിയാക്കി മടങ്ങി, 150 കോടി രൂപയുടെ ധനസഹായമാണു കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. കുട്ടനാട്ടില്‍ കൊയ്ത്തു യന്ത്രം എത്താഞ്ഞതിന്‍റെ ബാക്കിപത്രമാണു കര്‍ഷകരുടെ ആത്മഹത്യ. മറ്റു സ്ഥലങ്ങളില്‍ നിന്നും യന്ത്രം കൊണ്ടു വരാനുള്ള ശ്രമവും പരാജയപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളിലെങ്കിലും വിളകള്‍ കൊയിതില്ലെങ്കില്‍ കേരളം വലിയ കാര്‍ഷിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് തീര്‍ച്ചയാണ്.

 

 

© 2008 kanikkonna.com