![]() |
![]() |
![]() |
||||||||||
![]() |
![]() |
![]() |
||||||||||
| |
|
|||||||||||
![]() |
ചലചിത്ര നിരൂപണം - ബാബു രാമചന്ദ്രന്‍ |
|||||||||||
|
'ശൗര്യ', പിന്നെ 'ചില നല്ല മനുഷ്യരും'..
| |||||||||||
നല്ല കഥ, നല്ല തിരക്കഥ, ഒന്നാന്തരം സ്ക്രിപ്റ്റ്.. സമര്‍ ഖാന്‍ സംവിധാനം ചെയ്ത് രാഹുല്‍ ബോസും കെ.കെ.മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു ശരാശരി പ്രേക്ഷകന്റെയും അഭിപ്രായം ഇതു തന്നെയായിരിക്കും. എന്നാല്‍,1992'ല്‍ റോബ് റെയ്‌നര്‍ സംവിധാനം ചെയ്ത് ജാക്ക് നിക്കോള്‍സന്‍, ടോം ക്രൂയിസ്, ഡെമി മൂര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച 'A Few Good Men'എന്ന ചിത്രം കണ്ടിട്ടുള്ള പലര്‍ക്കും ഇത് തീരെ ദഹിക്കില്ല. കാരണം, ഇതിലെ പല സീനുകളും ഈ ഹോളിവുഡ് ചിത്രത്തില്‍ നിന്നും വളരെ കലാപരമായിത്തന്നെ അടിച്ചുമാറ്റിയതാണ്. രണ്ടിലെയും പ്രമേയം ഒരു മിലിട്ടറി കോര്‍ട്ട് മാര്‍ഷല്‍ ആണ്. കാര്യമിതൊക്കെയാണെങ്കിലും, വിഷയത്തെ ബോളിവുഡീകരിക്കുന്നതിലും, രസച്ചരടു പൊട്ടാതെ ഒരു സമാന്തര കഥ പറഞ്ഞുവയ്ക്കുന്നതിലും ഒരു പരിധി വരെ സമര്‍ഖാന്‍ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാന്‍.. ജാക്ക് നിക്കോള്‍സനോളം വരില്ലെങ്കിലും കെ.കെ.മേനോനും ഒരു ബ്രിഗേഡിയറുടെ റോളിനെ അതിന്റേതായ ഗൗരവത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.. ശൗര്യ'യുടെ കഥ തുടങ്ങുന്നത്, കേസ് വാദിക്കുന്നതിലേറെ പട്ടാളത്തിലെ അഡ്‌വെഞ്ചര്‍ സ്പോര്‍ട്‌സില്‍ തത്‌പരനായ മേജര്‍ സിദ്ധാന്തിന്(രാഹുല്‍ബോസ്) ഒരു ദിവസം ഒരു കോര്‍ട്ട് മാര്‍ഷലില്‍, കൂടെ പട്ടാളത്തില്‍ തന്നെ വക്കീലായ ചേട്ടന്‍ മേജര്‍ ആകാശി(ജാവേദ് ജാഫ്രി)ന്റെ നിര്‍ബന്ധത്താല്‍, പ്രതിയ്ക്കു വേണ്ടി ഹാജരാവേണ്ടി വരുന്നതോടെയാണ്. അതൊരു പ്രത്യേകതരം കേസായിരുന്നു.. വാദം തുടങ്ങും മുമ്പേ തന്നെ വിധി ഏതാണ്ടുറപ്പായിരിക്കുന്ന, ജാവേദ് ജാഫ്രിയുടെ ഭാഷയില്‍ ഒരു " open and close" കേസ്.. കശ്മീരിലെ ഒരു മിലിട്ടറി സെര്‍ച്ച് ഓപ്പറേഷനില്‍ മറ്റ് പട്ടാളക്കാരുടെ മുന്നില്‍ വച്ച് തന്റെ കമാന്‍ഡോ ടീം നേതാവായ മേജര്‍ റാഠോറിനെ പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടി വെച്ച് കൊലപ്പെടുത്തിയ, ക്യാപ്റ്റന്‍ ജാവേദ് ഖാന്‍(ദീപക് ദോബ്രിയാല്‍).. വായു സഞ്ചാരം തീരെയില്ലാത്ത തടങ്കല്‍ പാളയത്തുല്‍ വച്ച് തന്റെ വക്കീലിനെ കാണുമ്പോള്‍, തീരെ നിസ്സംഗനായിരിക്കുന്ന ക്യാപ്റ്റന് ഒന്നും പറയാനുണ്ടായിരുന്നില്ല. ഇങ്ങനെ ഒരു തലയും വാലുമില്ലാത്ത ഒരു കേസിലാണ് നമ്മുടെ നായകന്‍ ചെന്നു പെടുന്നത്. മിനിഷാ ലാംബ അവതരിപ്പിക്കുന്ന സാഹസിയായ ഇന്‍ വെസ്റ്റിഗേറ്റിവ് റിപ്പോര്‍ട്ടര്‍, ഇതേപ്പറ്റി കൂടുതല്‍ അന്വേഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നു. കേസിന്റെ credibility'യില്‍ റിപ്പോര്‍ട്ടര്‍ക്ക് ആദ്യമേ തന്നെ തോന്നിയിരുന്ന സംശയം പതുക്കെ നായകനും തോന്നിത്തുടങ്ങുന്നു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് ഒടുവില്‍ മിലിട്ടറിയിലെ ഒരു വലിയ താപ്പാനയിലേക്ക് എത്തിച്ചേരുന്നു കാര്യങ്ങള്‍. അതാണ്, കെ.കെ.മേനോന്‍ അവതരിപ്പിക്കുന്ന ബ്രിഗേഡിയര്‍ പ്രതാപ്. കൂടുതല്‍ കഥാംശം വെളിപ്പെടുത്തി സസ്പെന്‍സ് നശിപ്പിക്കുന്നില്ല. ഈ ചിത്രം, ഇതു കൈകാര്യം ചെയ്തിരിക്കുന്ന പ്രമേയത്താല്‍ തന്നെ ഏറെ വ്യത്യസ്തമാണ്. മുസ്ലിം സമുദായത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ട് പലപ്പോഴും തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന എത്രയോ ഭാരതീയരെ, പ്രത്യേകിച്ചും പട്ടാളക്കാരെ പ്രതിനിധീകരിക്കുന്നു, ഇതിലെ ക്യാപ്റ്റന്‍ ജാവേദ് ഖാന്‍. വളരെ പിരിമുറുക്കത്തോടെ തന്നെ, സ്ക്രിപ്റ്റും, ക്യാമറയുമെല്ലാം കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ കാണാവുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ശൗര്യ'. പ്രത്യേകിച്ചും, നല്ലൊരു സന്ദേശം നല്‍കാന്‍ ഇതിനു കഴിയുന്നു എന്ന നിലയ്ക്ക് ഒരു സോദ്ദേശചിത്രമായും ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണ്, ഒട്ടുമുക്കാലും മോഷ്ടിക്കപ്പെട്ടതാണ് ഈ ചിത്രമെന്ന വസ്തുത മറക്കാന്‍ കഴിഞ്ഞാല്‍ മാത്രം...
|
| അഭിപ്രായങ്ങള്‍ അറിയിക്കുക |
© 2008
kanikkonna.com |
||