കഥ
മൌനമുദ്ര
റഫീക്ക് പന്നിയങ്കര

page 1

സൂര്യന്‍ കിഴക്കുനിന്ന് ഉയരുന്നതിനു മുന്‍പ്...
മഞ്ഞിന്‍റെ ഈറന്‍ വിട്ടുമാറാത്ത നാട്ടുവഴികളിലൂടെ തപ്പിത്തടഞ്ഞ് വയറ്റാട്ടി അമ്മയുടെ മുറിയിലെത്താനൊന്നും കാത്തുനില്‍ക്കാതെ ഭൂമിയുടെ ഹൃദയമില്ലായ്മകളിലേയ്ക്ക് പിറന്നു വീണത് മാലോകരെ അറിയിക്കാന്‍ തൊള്ള പൊളിച്ചു കാറിയതും, പിന്നീട് അമ്മ മഞ്ഞപ്പിത്തം ബാധിച്ച് കിടന്നപ്പോള്‍ തനിക്ക് മുലപ്പാല്‍ ചുരത്തിയ ലക്ഷ്മിയേടത്തിയുടെ മടിയില്‍ നനവ് പരത്തി അലറിക്കരഞ്ഞതും സുഗതനു ഓര്‍മ്മയില്ല

 

 


പക്ഷെ തന്‍റെ നാലാം വയസ്സില്‍ അച്ഛന്‍ വസൂരി പിടിപെട്ട് മരിച്ചപ്പോള്‍ അമ്മയുടെ നെഞ്ചത്ത് മൂക്കമര്‍ത്തി താന്‍ കരഞ്ഞിട്ടുണ്ടെന്ന് വാസുവമ്മാവന്‍ പറഞ്ഞത് സുഗതന്‍ ഇടയ്ക്കോര്‍ക്കാറുണ്ട്. പക്ഷെ ബുദ്ധിയുറച്ചതിനു ശേഷം ആദ്യമായി കരഞ്ഞത് വാസുവമ്മാവന്‍ മരിച്ച ദിവസമാണെന്ന് മറക്കാനാകാത്ത സത്യം. ഒരു രക്ഷിതാവിന്‍റെ സ്ഥാനത്തു നിന്നു കൊണ്ട് എല്ലാക്കാര്യങ്ങള്‍ക്കും വാസുവമ്മാവനായിരുന്നല്ലോ...

വൃശ്ചികമാസത്തിലെ ഒരു സന്ധ്യയില്‍ ആസ്തമാരോഗിയായിരുന്ന അമ്മ സിമന്‍റിട്ട നരച്ച തറയിലെ തണുപ്പില്‍ കണ്ണും തുറന്ന് മരിച്ചു കിടക്കുമ്പോള്‍ സുഗതന്‍ രാമകൃഷ്ണന്‍റെ കള്ളുഷാപ്പില്‍ ആനമയക്കിയടിച്ച് ഭൂമിയിലും ആകാശത്തുമല്ലാതെ ആരെയൊക്കെയോ പുലഭ്യം പറയുകയായിരുന്നു.

ബോധം തെളിഞ്ഞ നേരം അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ സുഗതന്‍ അന്നേരം ചെത്തിക്കൊണ്ടു വന്ന അന്തിക്കള്ളെടുത്ത് ഇത്തിരി വായില്‍ കമഴത്തി. ആകാശത്തേയ്ക്കു വിരല്‍ ചൂണ്ടി ആത്മവിദ്യാലയമേ... പാടി. പക്ഷെ സുഗതന്‍ കരഞ്ഞില്ല.അല്ലെങ്കിലും സുഗതന്‍ അങ്ങനെയാണ്.അയാള്‍ക്ക് കരയാനറിയാഞ്ഞിട്ടാണോ...? ആണെന്നും അല്ലെന്നും പറയാന്‍ സുഗതന്‍റെ ഉളള്‍ കണ്ടവരാരാണ്.

'നെഞ്ചില്‍ നനവില്ലാഞ്ഞിട്ടാ.. കല്ലല്ലേ കരിങ്കല്ല്'
ശൈലജ പണ്ട് പറഞ്ഞതാണു അവളിപ്പോള്‍ എവിടെയാണാവോ...

ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടത്തിന്‍റെ അരികു ചേര്‍ന്ന് ആരും കാണാതെ താനണിയിച്ച കുപ്പിവളയില്‍ മുത്തമിട്ട് ശൈലജ കണ്ണുറുക്കി ചിരിച്ചപ്പോള്‍ ഉള്ളില്‍ സന്തോഷത്തിന്‍റെ കര്‍ണ്ണികാരം പൂത്തു. സുഗതന്‍റെ മുഖം കാണാനേറെ ഭംഗിയുണ്ടെന്നു പറഞ്ഞതും അവള്‍ തന്നെ. അന്നൊക്കെ സുഗതന്‍ ഏറെ നേരം കണ്ണാടീയ്ക്കു മുന്നില്‍ ചിലവഴിക്കുമായിരുന്നു. നെറ്റിയിലേയ്ക്ക് അലസമായി മുടിയിഴകള്‍ വീഴ്ത്തി .. ഒരു മൂളിപ്പാട്ടും പാടി...!

ഒത്തിരി പ്രതീക്ഷകള്‍ മനസ്സിലടുക്കി വച്ച് സുഗതന്‍ കോളേജില്‍ പോകാന്‍ തുടങ്ങിയ വര്‍ഷമാണു ശൈലജ പത്താം ക്ലാസ്സില്‍ തോറ്റ് പടിപ്പു നിര്‍ത്തി ദൂരെയുള്ള അമ്മാവന്‍റെ വീട്ടിലേയ്ക്കു താമസം മാറ്റിയത്.
ഏറെ വേദനിപ്പിച്ചു ശൈലജയുടെ വേര്‍പാട്.ആ വേദനയിലും ഒരുതുള്ളി കണ്ണുനീര്‍ പോലും സുഗതന്‍റെ കവിളിലേയ്ക്കിറ്റിയില്ല. ഭക്ഷണത്തിന്‍റെ മുന്നില്‍ പോലും അയാളില്‍ താപസന്‍റെ മൌനഭാവം നിറഞ്ഞപ്പോള്‍ തൂശനിലയില്‍ അമ്മയുടെ കണ്ണുനീരു വീണു.

സുഗതാ നിനക്കെന്താ പറ്റിയെ മോനെ...?
മകനിലെ മാറ്റത്തിനു കാരണമെന്തെന്നറിയാതെ ആ വൃദ്ധഹൃദയം വ്യസനത്തില്‍ കൂമ്പി. പിന്നീട് സുഗതന്‍ കണ്ണാടിയില്‍ നോക്കാതെയായി. അതിനു മുന്പേ തന്നെ ചുമരിലെ ആണിയിളകി കണ്ണാടി തറയില്‍ വീണു നുറുങ്ങിയിരുന്നല്ലൊ...

എല്ലാം മറവിയുടെ ഭാണ്ടത്തിലമര്‍ത്താന്‍ രാമകൃഷ്ണന്‍റെ കള്ളുഷാപ്പില്‍ പറ്റുകാരനായതിന്‍റെ ഏഴാം വാര്‍ഷികം സ്ഥലത്തെ പ്രധാന കുടിയന്മാരൊത്ത് ആഘോഷിക്കുന്ന നേരത്താണു ബ്രോക്കര്‍ അച്യുതന്‍ വന്ന് കള്ളുമണക്കുന്ന സുഗതന്‍റെ മുഖത്ത് മുന്തിയ പൌഡറു പൂശി പെണ്ണുകാണാന്‍ കൊണ്ടു പോയത്.

സുഗതന്‍റെ മംഗല്യച്ചരട് ഒരു കുരുക്കായി തന്‍റെ കഴുത്തില്‍ വീണതിന്‍റെ വ്യഥ തീര്‍ക്കാന്‍ വേണ്ടിയാവണം മധുവിധു രാത്രികളിലൊന്നില്‍ ഇന്ദിരയുടെ മുഖത്ത് അയാളുടെ ചുണ്ടുകളമര്‍ന്നപ്പോള്‍ കള്ളിന്‍റെ നാറ്റം സഹിക്കവയ്യാതെ അവളും പുലമ്പി , അയാളുടെ കണ്ണും മൂക്കുമൊക്കെ കാണാന്‍ പ്രത്യേക ചന്തമുണ്ടെന്ന്.
ഷാപ്പിലെ വിള്ളല്‍ വീണ മേശപ്പുറത്ത് കാലിയായ കുപ്പികള്‍ക്കുമേല്‍ സുഗതന്‍റെ കണ്ണുകള്‍ തെളിഞ്ഞു നിന്നു.

രാവേറെയാകുന്നവരെ തറയിലിരുന്നും ...പിന്നെ അവിടെയൊരു കടല്‍ത്തീരമായി സങ്കല്‍പ്പിച്ച് തിരയിളക്കങ്ങളില്‍ നീന്തിയും.....

പടച്ചോനെ പടച്ചതും പടച്ചോന്‍ തന്നെ...
ഈ സുഗതനെ പടച്ചതും പടച്ചോന്‍ തന്നെ...
അപ്പൊപിന്നെ ആകെ എത്ര പടച്ചോനാണു പടച്ചോനേ....

രാത്രികളില്‍ പടച്ചവനെക്കുറിച്ചുള്ള ചിന്തകളോടെ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ വഴിയും മുറ്റവുമെല്ലാം ഘടികാരത്തിന്‍റെ പെന്ഡുലമാകും. അത് സുഗതന്‍റെ തോന്നലാണെന്ന് ഷാപ്പിലെ ഒഴിപ്പുകാരന്‍ പീതാംബരന്‍ വലിയവായില്‍ ചിരിച്ചു തള്ളും. ഏതായാലും വല്യ അത്യാഹിതങ്ങളൊന്നും സംഭവിക്കേണ്ടെന്ന മുന്‍വിധിയോടെ സുഗതന്‍ വീട്ടുമുറ്റത്തെത്തിയാല്‍ നാലുകാലിലേ നടക്കൂഒ. നിവര്‍ന്നു നടന്നാല്‍ ഒന്നു പിഴച്ചാല്‍ പിന്നെ താന്‍ വെളിവില്ലാതെയാണു വരുന്നതെന്ന് ഇന്ദിര തെറ്റിദ്ധരിക്കരുതെന്ന് സുഗതനു നിര്‍ബന്ധം.

ഉമ്മറപ്പടിയില്‍ മുറ്റത്തേയ്ക്കു കയ്യും തൂക്കിയിട്ടു സുഗതന്‍ പട്ടിയുടെ ചൂടുമൂത്രം മുഖത്തു വീണപ്പോഴാണു ഞാനിനിയും ഇന്ദിരയുടെ അടുത്തെത്തിയില്ലല്ലൊ എന്നോര്‍ത്ത് ഓക്കാനിച്ച് നൊമ്പരപ്പെട്ടത്. പിന്നെയും എത്ര കഴിഞ്ഞു സുഗതന്‍ മണ്ണില്‍ തിരിച്ചെത്തുമ്പോള്‍.--

അടുത്ത പേജിലേയ്ക്ക്

your name:
your email:
:


your comments or suggestions:
 
comments
I admit this is a wonderful attempt by Mr. Rafeek Panniyankara. This type of stories are very very interesting....moden literature.
p. gopinatha Menon

 

 

© 2008 kanikkonna.com